Friday, October 29, 2010

മോങ്ങാനിരുന്ന പട്ടിയും താഴേക്കു പതിച്ച തേങ്ങയും

തെയ്യത്തിനും തിറക്കും പേരുകേട്ടനാടാണ് ഉത്തരമലബാര്‍.ഈ മലബാറിലെ അത്യപൂര്‍വവും കൌതുകകരവും ഒപ്പം സാഹസികവുമായ തെയ്യക്കോലമാണ് കാരഗുളികന്‍. നമ്മുടെ അടുത്ത നാടായ വലിയപൊയിലില്‍ ഇന്നും മുടക്കം കൂടാതെ ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.
വലിയപൊയിലിന് അടുത്ത പ്രദേശമായ ഒയോളമായിരുന്നു എന്റെ അമ്മയുടെ ജന്മദേശം. അവിടെ നിന്ന് വര്‍ഷം തോറും ഞങ്ങള്‍ തെയ്യം കാണാന്‍ പോകുമായിരുന്നു.  അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായം. ആ വര്‍ഷവും പതിവുപോലെ ഞങ്ങള്‍ തെയ്യത്തിനായി പുറപ്പെട്ടു. നമ്മുടെ ചില ബന്ധുക്കളും അടുത്ത വീട്ടിലെ   ജിത്തുവേട്ടനും എല്ലാവരും ഒന്നിച്ചാ ണ് യാത്ര.നീണ്ട് മെലിഞ്ഞ് ഇരുനിറത്തിലുള്ള ജിത്തുവേട്ടന്റെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. തെയ്യവും ഉച്ചഭക്ഷണവുംകഴിഞ്ഞ് കുറി വാങ്ങി അനുഗ്രഹം നേടി ഞങ്ങള്‍ ഉച്ചതിരിഞ്ഞനേരം വീട്ടിലേക്കു തിരിച്ചു. ടി.വി യിലെ കാര്‍ട്ടൂണും സിനിമകളും സ്വപ്നം കണ്ട് ഞാനും ഏട്ടനും ജിത്തുവേട്ടനും വേഗത്തില്‍ നടന്നു. വയലേലകളാലും കിളികളാലും സമൃദ്ധമായ ഒയോളത്തെ  കൊയ്ത്തുകഴിഞ്ഞ്  ഉണങ്ങിയ പാടത്തെത്തിയപ്പോള്‍  ജിത്തുവേട്ടന്‍ പറഞ്ഞു. ദാ, നോക്ക്, ആ തലപോയ കമുകിന്റെ പൊത്തില്‍  ഒരു ഓളിയുടെ കൂടുണ്ട്. തത്ത വര്‍ഗ്ഗത്തില്‍പ്പെടുന്ന ഓളി  അന്ന് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു. കൂടുണ്ടെങ്കില്‍ അതില്‍ കുഞ്ഞുമുണ്ടാകുമെന്ന് കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ പറഞ്ഞു.  മൂത്തവരുടെ വാക്ക് ചിലപ്പോഴെങ്കിലും മധുരിക്കാതെ കയ്ച്ചുകൊണ്ടേയിരിക്കുമെന്ന് ഞാന്‍ അന്നറിഞ്ഞു. പൂതലായ കമുക് തള്ളിയിടുന്ന ചുമതല കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ ഏറ്റെടുത്തു. ആയതിനാല്‍ ഞാനും ഏട്ടനും ഓടാനാരംഭിച്ചു.
എന്നെക്കാള്‍ രണ്ട് ഓണം അധികം ഉണ്ടതിന്റെ ലോകപരിചയംവെച്ച് ഏട്ടന്‍ വേഗത്തിലോടി. പക്ഷേ രണ്ടല്ല, രണ്ടായിരം ഓണം ഉണ്ടാലും പഠിക്കാത്ത ഞാന്‍ അഞ്ചടിവെച്ചപ്പോള്‍ത്തന്നെ നിന്നു. തല ചൊറിയുന്നു. പേന്‍ പൂത്ത തലയാണ്. ചൊറിച്ചില്‍ സാധാരണമാണ്. അതിനാല്‍തന്നെ ഞാന്‍ തലങ്ങും വിലങ്ങും ചൊറിഞ്ഞു. ചൊറിയലിലെ ശ്രദ്ധകൊണ്ട് എന്റെ ഏട്ടന്റെ നിര്‍ദ്ദേശങ്ങള്‍ എന്റെ കര്‍ണ്ണങ്ങള്‍ക്ക് ഗ്രഹിക്കാനായില്ല. ഒരു നിമിഷം. അത് സംഭവിച്ചു.അറിയാത്ത പിള്ള ചൊറിയുമ്പോളറിയും എന്ന പഴഞ്ചൊല്ല് എന്നെ സംബന്ധിച്ചിടത്തോളം  അര്‍ത്ഥവത്തായി. കണ്ണും മൂക്കുമില്ലാതെ പതിച്ച ആ കമുക് എന്റെ തലയില്‍ത്തന്നെ ആദ്യവിശ്രമസ്ഥാനം കണ്ടെത്തി. എന്റെ കഴിവുകൊണ്ടോ ആ കമുകിന്റെ കഴിവുകേടുകൊണ്ടോ  എന്നറിയില്ല  അത് രണ്ട് കഷണങ്ങളായി തറയില്‍ പതിച്ചു. എന്റെ തലയ്ക്കുചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒഴുകി നടന്നു. ആ നക്ഷത്രങ്ങള്‍ക്കുപോലും എന്നെ സമാധാനിപ്പിക്കാനായില്ല. ആരു കേട്ടാലും കുറ്റം പറയാത്ത ഒരു നല്ല കരച്ചില്‍ ഞാന്‍ ആരംഭിച്ചു. ദൂരെ നിന്ന് അമ്മ വരുന്നതുകണ്ടപ്പോള്‍ കരച്ചില്‍ ചെറിയൊരു അലര്‍ച്ചയായോ എന്നൊരു സംശയം. അമ്മ ആകെ തരിച്ചുപോയി.  പക്ഷേ ഏറെ മനോധൈര്യമുള്ള എന്റെ ഇളയമ്മ എന്നെ വാരിയെടുത്ത് വീട്ടിലെത്തിച്ചു.നനച്ച തുണിയെടുത്ത് തലയ്ക്കുപിടിച്ചു. എന്റെ കരച്ചില്‍കേട്ടിട്ടും ആര്‍ക്കും ​എന്നെ സമാധാനിപ്പിക്കാന്‍ തോന്നിയില്ല. എങ്ങും ചീത്ത പറച്ചിലുകള്‍. പക്ഷേ കരച്ചിലിന്റെ ഫ്രീക്വന്‍സി ഞാന്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ വന്ന ചീത്തകള്‍ ചീത്തകളായിത്തന്നെ അവശേഷിച്ചു. അപ്പോഴേക്കും ഏട്ടനും ജിത്തുവേട്ടനും സന്തോഷത്തോടെ ഓടിവന്നു. ഓളിക്കുഞ്ഞിനെക്കിട്ടിയിരിക്കുന്നു. അതിനെ ഒരുനോക്കുകാണാന്‍ ഞാന്‍ കുതറിയെഴുനേല്ക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വേദനകൊണ്ട് പുളയുകയാണെന്ന് ധരിച്ച ഇളയമ്മ പിടിയുടെ ശക്തി മുറുക്കിയതെയുള്ളു. പക്ഷേ അപ്പോഴേക്കും അച്ഛച്ഛന്റെയും അമ്മമ്മയുടെയും ശകാരം നിമിത്തം ഏട്ടന്‍ ആ പക്ഷിക്കുഞ്ഞിനെ കൊണ്ടുകളഞ്ഞിരുന്നു.

1 comment: